09:55pm 13 August 2026
NEWS
ഭിന്നശേഷി കുട്ടികൾക്ക് ഹോർട്ടി തെറാപ്പിയിലൂടെ വ്യക്തിത്വ വികസനവും കാർഷിക മേഖലയിലൂടെ തൊഴിൽപരിശീലനവും വരുമാന സാധ്യതകളും
13/08/2026  08:10 PM IST
nila
 ഭിന്നശേഷി കുട്ടികൾക്ക് ഹോർട്ടി തെറാപ്പിയിലൂടെ വ്യക്തിത്വ വികസനവും കാർഷിക മേഖലയിലൂടെ തൊഴിൽപരിശീലനവും വരുമാന സാധ്യതകളും

ചെങ്ങന്നൂർ: ഭിന്നശേഷി കുട്ടികൾക്ക് ഹോർട്ടി തെറാപ്പിയിലൂടെ വ്യക്തിത്വ വികസനവും കാർഷിക മേഖലയിലൂടെ തൊഴിൽപരിശീലനവും വരുമാന സാധ്യതകളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുലിയൂർ ലില്ലി ലയൻസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ പുതിയ ഹോർട്ടികൾച്ചർ യൂണിറ്റിന് തുടക്കമായി.

കേരള സംസ്ഥാന കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് ഹോർട്ടികൾച്ചർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (ഐ.സി.എ.ആർ - സി.ടി.സി.ആർ.ഐ) ഡയറക്ടർ ഡോ. ജി. ബൈജുവിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഭിന്നശേഷി കുട്ടികളുടെ സ്വഭാവരൂപീകരണം, ആത്മവിശ്വാസം, ഉത്തരവാദിത്വബോധം, ശാരീരിക-മാനസിക ഉണർവ് എന്നിവയ്ക്ക് സഹായകമാകുന്ന ഹോർട്ടി തെറാപ്പി പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഭാവിയിൽ സ്വയം തൊഴിൽ കണ്ടെത്താനും വരുമാനം നേടാനും കഴിയുന്ന കാർഷിക രീതികൾ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീ മിഷനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ)–സി.ടി.സി.ആർ.ഐയും ലില്ലിയുമായി സഹകരിച്ച് ഹോർട്ടി തെറാപ്പിയും വരുമാനദായകമായ കാർഷിക സംരംഭങ്ങളും വികസിപ്പിക്കുന്നതിന് സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണ നൽകാൻ തയ്യാറാണെന്ന് ചടങ്ങിൽ സ്ഥാപന മേധാവികൾ അറിയിച്ചു. ഭിന്നശേഷി കുട്ടികളെ കേവലം പരിശീലിപ്പിക്കുന്നതിലുപരി, അവരുടെ കഴിവുകളെ തൊഴിൽശേഷിയിലേക്കും സ്വയംപര്യാപ്തതയിലേക്കും മാറ്റുന്നതിനുള്ള മാതൃകാപരമായ സംരംഭമായി പദ്ധതിയെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ ലില്ലി മാനേജിംഗ് ട്രസ്റ്റി
 ജി. വേണുകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മോളി സേവ്യർ ഹോർട്ടികൾച്ചർ യൂണിറ്റിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
അന്താരാഷ്ട്ര തലത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഐ.സി.എ.ആർ - സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. ജി. ബൈജുവിനെ ചടങ്ങിൽ ലില്ലി ട്രസ്റ്റ് അംഗങ്ങൾ ആദരിച്ചു. തുടർന്ന് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

വൊക്കേഷണൽ വിദ്യാർത്ഥിനി അഞ്ചു മറിയം സ്വാഗതവും ലില്ലി മാനേജർ സുധീഷ് കുമാർ ആശംസയും അർപ്പിച്ചു. ട്രസ്റ്റി  ജയകുമാർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ മോളി സേവ്യർ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.